Tuesday, November 3, 2015

എൻ എസ് എസ് ജനറൽ സെക്രട്ടറിക്കൊരു തുറന്ന കത്ത്

ബഹുമാനപ്പെട്ട എൻ എസ് എസ് ജനറൽ സെക്രട്ടറി, ശ്രീ സുകുമാരൻ നായർ സാർ...

ഇക്കഴിഞ്ഞ 13 ന് എൻ എസ് എസ് ആസ്ഥാനത്തു വച്ച് ആഘോഷപൂർവ്വം നടന്ന മഹാത്മാഗാന്ധി സർവ്വകലാശാലയുടെ അദ്ധ്യാപക ഇന്റർവ്യൂ സംബന്ധിച്ച് ചിലതൊക്കെ അങ്ങയോടു പറയാതിരിക്കുക വയ്യ.


ഈ ഇന്റർവ്യൂവിന്, ക്ഷണം കിട്ടിയിട്ടും ഒരു അപേക്ഷക അതിൽ പങ്കെടുത്തില്ല. അതു മൂലം അങ്ങയുടെയും ബോർഡിന്റെയും വിലയേറിയ സമയവും, ആ അപേക്ഷകയുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെട്ടു. എന്നാൽ, സമുദായോന്നമനത്തിനായി പടുത്തുയർത്തിയ നായർ സർവ്വീസ് സൊസൈറ്റിയുടെ ഉദ്ദേശലക്ഷ്യങ്ങളും, മന്നത്തുപദ്മനാഭൻ എന്ന മഹാത്മാവിന്റെ സ്വപ്നങ്ങളും ഇനിയൊരുയർത്തെഴുന്നേൽപ്പിനു പ്രതീക്ഷയില്ലാത്ത വിധം കുഴിച്ചു മൂടപ്പെടുക കൂടി ചെയ്തു എന്ന് ഞാൻ പറഞ്ഞാൽ അങ്ങേയ്ക്കതു നിഷേധിക്കാനാവുമോ?






ഈ അഭിമുഖത്തിന് വരാതിരുന്ന അപേക്ഷകയുടെ വിദ്യാഭ്യാസയോഗ്യതകളിൽ ഏറ്റവും ഉയരെ നിൽക്കുന്ന ചിലവ, എം.എ യും, ബി എഡും, യു ജി സി യുടെ നെറ്റും (പാസാവാൻ നന്നേ പ്രയാസമുള്ള ഈ പരീക്ഷ രണ്ടു പ്രാവശ്യം -ആദ്യം പാസായതിനു ശേഷം രണ്ടാമത് കൂട്ടുകാരിയുടെ കൂടെ കൂട്ടു പോയി എഴുതിയും- പാസായിട്ടുണ്ട് അവർ) മദ്രാസ് ഐ ഐ ടി യിൽ നിന്നും പി എച്ച് ഡി യും, സ്വന്തമായി അഞ്ചോളം അന്താരാഷ്ട്ര പബ്ളിക്കേഷനുകളും, മൂന്നിലധികം അന്താരാഷ്ട്ര സെമിനാറുകളിൽ അവതരിപ്പിച്ച പ്രബന്ധങ്ങളും, ലോകമറിയുന്ന ഗുരുതുല്യരായ വ്യക്തിത്വങ്ങളുടെ അഭിനന്ദനങ്ങളുമാണ്. ഈ അപേക്ഷക വിദ്യാർത്ഥിനിയായിരിക്കേ, പ്രസിദ്ധീകൃതമായ ഒരു ലേഖനത്തിന്റെ പേരിൽ ആന്ധ്ര യൂണിവേഴ്സിറ്റി, ഗിതം യൂണിവേഴ്സിറ്റി, ആന്ധ്ര ബാ ബാപ്പു സെന്റർ എന്നിവിടങ്ങളിൽ വിവിധ യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലർമാരും, സ്വാതന്ത്ര്യസമരസേനാനികളും, രാഷ്ട്രീയക്കാരുമടങ്ങുന്ന പ്രൗഢമായ സദസ്സുകൾ പ്രത്യേക ക്ഷണിതാവായി സ്വീകരിച്ച് പൊന്നാടയണിയിച്ച് ആദരിക്കുകയും, അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തിട്ടുണ്ട്.





ഇനി, ഈ അപേക്ഷക, അഭിമുഖത്തിനു ക്ഷണം കിട്ടിയിട്ടും അതിൽ പങ്കെടുക്കാതെയിരുന്നത് എന്തു കൊണ്ടെന്നു കൂടി അങ്ങറിയണം. കേവലം ഒരു ഫോൺ കോളിലൂടെ അങ്ങേയ്ക്കറിയാൻ കഴിയും, പത്താം ക്ലാസ്സ് മുതൽ എൻ എസ് എസ്സിന്റെ വകയായിക്കൂടി അവർ നേടിയിട്ടുള്ള സ്കോളർഷിപ്പുകൾ എന്തൊക്കെയെന്ന്. സാമ്പത്തിക പരാധീനതയുടെ പടു കുഴിയിൽ നിന്നും ഇച്ഛാശക്തിയും, കഠിനാദ്ധ്വാനവും കൊണ്ട്, നിരവധിയായ സ്കോളർഷിപ്പുകളും ധനസഹായവും കൊണ്ടു മാത്രം പഠിച്ച് ഈ നിലയിലെത്തിയ ഒരു പ്രതിഭയാണവർ. അതോടൊപ്പം തന്നെ മൂന്നു തവണ കലാതിലകമായി തിരഞ്ഞെടുക്കപ്പെടുകയും,പ്രസിദ്ധീകൃതങ്ങളായ നിരവധി കവിതാനിധികളുടെ ഉടമയുമാണവർ. കീഴ്വഴക്കമനുസരിച്ച് കരയോഗം വഴിയായി ഹെഡ് ഓഫീസിൽ ലഭിക്കേണ്ടതായ ഒരു കത്തിനു വേണ്ടി സമീപിച്ചപ്പോൾ ലഭിച്ച മറുപടി 12 ലക്ഷം രൂപ രൊക്കം നൽകാമെന്ന് ഉറപ്പു തന്നാൽ മാത്രമേ കത്തു തരികയുള്ളൂ എന്നാണ്.
 

 സർ, എനിക്കുറപ്പിച്ചു പറയാൻ കഴിയും, കഴിഞ്ഞ ദിവസം താങ്കളുടെ അഭിമുഖമേശയ്ക്കിപ്പുറം ഞാൻ മുകളിൽ വിവരിച്ചത്ര വിദ്യാഭ്യാസയോഗ്യതയോ, കഴിവുകളോ ഉള്ള ഒരു ഉദ്യോഗാർത്ഥി പോലും ഇരുന്നിട്ടുണ്ടാവില്ലെന്ന്. ഇതേ അപേക്ഷക ഇതിനു തൊട്ടു മുൻപു നടന്ന കേരള യൂണിവേഴ്സിറ്റിക്കു വേണ്ടിയുള്ള ഇന്റർവ്യൂവിൽ താങ്കളടക്കമുള്ള പാനലിനെ അഭിമുഖീകരിച്ചതും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടതുമാണെന്നു കൂടി ഓർമ്മിപ്പിക്കട്ടെ. പിന്നീട് അതേക്കുറിച്ച് അവിടെ നിന്നും ഒരു അറിയിപ്പും ലഭിക്കാതിരുന്നതിന്റെ കാരണവും ‘പണം കിട്ടാൻ’ ഇടയില്ല എന്ന ബോദ്ധ്യമാണെന്നും കരുതിക്കോട്ടേ?

സ്വന്തം സമുദായത്തിൽ തന്നെയുള്ള, സ്വന്തം അദ്ധ്വാനത്താൽ പഠിച്ചുയർന്നു വന്ന ഒരു അപേക്ഷകയ്ക്ക് പോലും 100% മെറിറ്റ് അനുവദിക്കുമെങ്കിൽ മാത്രം ഒരു ഉദ്യോഗം നൽകാൻ പോലും കഴിയാത്ത ഈ സമുദായസംഘടന എന്തിയാണു സർ ഞങ്ങൾക്ക്? ആരും ഇവിടെ സൗജന്യമൊന്നും ചോദിച്ചിട്ടില്ല. എൻ എസ് എസ് ആവശ്യപ്പെടുന്ന മുഴുവൻ തുകയും പലിശ ചേർത്ത് ശമ്പളം കിട്ടുന്ന മുറയ്ക്ക് തിരിച്ചടയ്ക്കാനുള്ള ഒരു സാവകാശം മാത്രമേ ആ അപേക്ഷകയ്ക്കു വേണ്ടിയിരുന്നുള്ളൂ. അതു പോലും ചെയ്ത് ഒരു സമുദായാംഗത്തെ സഹായിക്കാനോ, അയാളുടെ അഭിമാനകരമായ അദ്ധ്വാനത്തെയും, മെറിറ്റിനെയും അംഗീകരിക്കാനോ, പ്രോത്സാഹിപ്പിക്കാനോ അന്യസംസ്ഥാനത്തെ യൂണിവേഴ്സിറ്റികൾ പോലും സഹർഷം അതു ചെയ്തിട്ടും സ്വന്തം സമുദായത്തിന്റെ തറവാടായ എൻ എസ് എസ്സിനും, ആ തറവാട്ടുകാരണവരായ അങ്ങേയ്ക്കും കഴിയാതെ പോകുന്നുവെങ്കിൽ, ഇവിടെ പരാജയപ്പെട്ടു പോകുന്നത് ആരാണ് സർ? അങ്ങോ? നമ്മുടേ സമുദായമോ? അതോ ഞങ്ങൾ അംഗങ്ങളോ? അതോ ഋഷിതുല്യമായ ജീവിതം നയിച്ച് പിടിയരിയും, ദാനഭൂമിയും വാങ്ങി ഉറുമ്പു കൂട്ടി വയ്ക്കുന്നതു പോലെ നായരുടെ അഭിമാനസൗധത്തിന്റെ ഊടും പാവും ചേർത്തു വച്ച നമ്മുടെ സമുദായാചാര്യൻ ശ്രീ മന്നത്തപ്പൂപ്പനാണോ എൻ എസ് എസ്സിന്റെ ഈ ശോചനീയാവസ്ഥയുടെയും, വ്യവസ്ഥിതിയുടെയും മുൻപിൽ തോറ്റു പോകുന്നത്?

അങ്ങു പറയണം സർ, എൻ എസ് എസ് പ്രസ്ഥാനം നായന്മാർക്കു വേണ്ടി നിലകൊള്ളുന്ന ഒന്നല്ലേ? അല്ലെങ്കിൽ അങ്ങേയ്ക്കതു തുറന്നു പറയാം. ഒരിക്കൽക്കൂടി ഞങ്ങൾ ഒന്നിനും, ഒരാവശ്യത്തിനും എൻ എസ് എസ് സ്ഥാപനങ്ങളുടെയോ കരയോഗങ്ങളുടെയോ പടി ചവിട്ടാതിരുന്നു കൊള്ളാം. അതല്ലയെങ്കിൽ എൻ എസ് എസ്സിന്റെ, അങ്ങ് സാരഥ്യം വഹിക്കുന്ന ഈ ഡയറക്ടർ ബോർഡിന്റെയെങ്കിലും നയമെന്തെന്നു വ്യക്തമാക്കാൻ തയ്യാറാവണം.

ഉന്നതവിദ്യാഭ്യാസമുള്ള, കഴിവുള്ള, ആത്മാഭിമാനമുള്ള വ്യക്തികൾക്ക് യാതൊരു പ്രയോജനവുമില്ലാതെ അങ്ങയെപ്പോലെയുള്ള അധികാരിവർഗ്ഗത്തിനു മുൻപിൽ വന്ന് നട്ടെല്ലു വളയ്ക്കുവാൻ കഴിഞ്ഞെന്നു വരില്ല. അത് അവരുടെ അഹങ്കാരമല്ല, പ്രത്യുത അവർ ആർജ്ജിച്ചെടുത്ത ബോധവും, ബോദ്ധ്യവുമാണെന്നു കൂടി വിനയപൂർവ്വം അറിയിക്കട്ടെ.

സമുദായത്തെ നോക്കി നിരന്തരം പല്ലിളിക്കുന്ന നേതൃത്വത്തിനു മുൻപിൽ ഇതികർത്തവ്യതാമൂഢതയോടെ

ഒരു നാണം കെട്ട നായർ

എൻ എസ് എസ് പടവലങ്ങ പോലെ വളരുമ്പോൾ

ഒരു കത്തിലോ, ഒരു കുറിപ്പിലോ, ഒട്ടനവധി ലേഖനങ്ങളിലോ തീരുന്നതല്ല നായർ സർവ്വീസ് സൊസൈറ്റിയുടെ പരിതാപകരമായ അപചയങ്ങളുടെ നീണ്ട പട്ടിക. ഇതു സംബന്ധിച്ച ഒരു ദീർഘപരമ്പരയ്ക്കു തന്നെസാധ്യതയും ഇന്നു സമുദായം നേരിടുന്ന ഈ ദുർഘടസന്ധിയിൽ അതിനു സാധുതയുമുണ്ട്.

അഴിമതി, സ്വജനപക്ഷപാതം, താൻപോരിമ, ധാർഷ്ട്യം തുടങ്ങിയവകളുടെ സാകാരനാമധേയമായി മാറിയിരിക്കുന്ന നായർ സർവ്വീസ് സൊസൈറ്റിയുടെ തലസ്ഥാനത്തേക്ക് ഇവൻ ആദ്യമായി വണ്ടി കയറുന്നത് എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ്‌. രാമങ്കരി എൻ എസ് എസ് സ്കൂളിലെ ക്ളാർക്കിന്റെ മേശവലിപ്പിൽ അനന്തമായി നീണ്ടുകിടക്കുന്ന അസംഖ്യം പാൻപരാഗിന്റെ മാലയും, അതിനു മുൻപിലെ അലമാരയിൽ എഴുതിയൊട്ടിച്ചിരിക്കുന്ന ‘പുകയില തിന്നല്ലേ അതു കൊല്ലും’ എന്ന സർക്കാർ പരസ്യവും ഇതിനെല്ലാം മുന്നിലിരിക്കുന്ന അഹങ്കാരത്തിനു കയ്യും കാലും വച്ച അന്നത്തെ കണക്കപ്പിള്ളയുമായിരുന്നു അന്നത്തെ ഇവന്റെ പ്രശ്നം. അന്ന്, സ്കൂൾ മാനേജർ ശ്രീ രവീന്ദ്രനാഥൻ സാറിനോട്, അങ്ങിപ്പോൾ എന്റെ കൂടെ വരാമെങ്കിൽ മേശവലിപ്പിൽ നിന്നും പാൻപരാഗിന്റെ മാല ഞാനെടുത്തു തരാമെന്നു പറഞ്ഞതും, അദ്ദേഹം അതേക്കുറിച്ച് അന്വേഷണം നടത്തിയതുമാണ്‌. ഫലമോ, എന്നെ തപ്പി കുറേ നാൾ അവിടത്തെ സാറന്മാർ അലഞ്ഞു.

അതേ വിദ്യാലയത്തിൽ പ്ലസ് ടു അദ്ധ്യാപകരായി ജോലിക്കു കയറിയവരിൽ, മാത്തമാറ്റിക്സ്, കെമിസ്ട്രി, സുവോളജി തുടങ്ങിയ വിഷയങ്ങൾ പഠിപ്പിച്ചിരുന്ന ആകെ നാലോ അഞ്ചോ അദ്ധ്യാപകരാണ്‌ ജോലി നിലവിലിരിക്കേ ദീർഘകാല അവധിയിൽ ഗൾഫിൽ പോയി അവിടെയും ജോലി ചെയ്തിരുന്നത്. കൃത്യമായി പറഞ്ഞാൽ മസ്കറ്റിലെ ഇന്ത്യൻ സ്കൂളിൽ വരെ അത്തരത്തിൽ ജോലി ചെയ്തിരുന്ന അദ്ധ്യാപികമാരുണ്ട്. (ഒരു പക്ഷേ ഇപ്പൊഴും അവർ അതു തന്നെയാവും ചെയ്തുകൊണ്ടിരിക്കുന്നതും)

ആ വർഷത്തെ സ്കൂളിന്റെ ആദ്യ പ്ലസ് ടു ബാച്ചിൽ വിജയിച്ചത് വെറും മൂന്നു പേർ! അത് അദ്ധ്യാപകരുടെ കൊണവതികാരം കൊണ്ടല്ല, ആ കുട്ടികളുടെ കഠിനാദ്ധ്വാനം കൊണ്ടാണ്‌. അന്നത്തെ ജനറൽസെക്രട്ടറി പണിക്കർ സാറും ജനറൽ സെക്രട്ടറിയെ ഭരിക്കുന്ന നായരായി ഇന്നത്തെ ജനറൽ സെക്രട്ടറിയും.

ഈ വിഷയം ചൂണ്ടിക്കാട്ടി, കൃത്യമായി പറഞ്ഞാൽ ആറു പേജുകൾ വരുന്ന ഒരു കത്ത് ഞാനയച്ചത് പെരുന്നയിലെ നായന്മാർ അത്ര പെട്ടെന്നൊന്നും മറന്നിരിക്കാനിടയില്ല. (പരതിയാൽ എന്റെ ആർക്കൈവുകളിൽ അതിന്നുമുണ്ടാവും) അതേ തുടർന്നായിരുന്നില്ലേ പ്രസ്തുത അദ്ധ്യാപികമാരിലൊരാൾ - ഇനിയും കൃത്യമായി പറഞ്ഞാൽ പണിക്കർസാറിന്റെ ഒരു അടുത്ത ബന്ധു- രായ്ക്കു രാമാനം ആലക്കോട് സ്കൂളിൽ ഓടി വന്നു ജോയിൻ ചെയ്തത്. പക്ഷേ അവർ വീണ്ടും ഗൾഫിലേക്കു തന്നെ പോയി എന്നും കേട്ടു. ഇതു പറഞ്ഞു കേട്ടറിവാണ്‌. ഇനി നീ എൻ എസ് എസ്സിലോട്ടു കത്തയച്ചാൽ അവർ എനിക്കിട്ടു പണിയുമെന്ന്, എൻ എസ് എസ്സിന്റെ ആശ്രിതനായ എന്റെ മറ്റൊരു ബന്ധു എന്റെ മുന്നിൽ സങ്കടഹർജ്ജി സമർപ്പിക്കുമ്പോൾ എനിക്കു പ്രായം പതിനേഴ്.

തീർന്നില്ല, ഏതാനും വർഷം മുൻപേ, ഒരു സാമൂഹ്യദ്രോഹി, നായന്മാരുടെ അമ്മപെങ്ങന്മാരെ അടച്ചാക്ഷേപിച്ചു കൊണ്ട് ബ്ലോഗെഴുതിയപ്പൊഴും ഇവനു കത്തെഴുതേണ്ടി വന്നിട്ടുണ്ട്. അത് പണിക്കർസാറിന്റെ അവസാന കാലഘട്ടം... ഏകദേശം ഒരു മാസത്തെ നിസ്സംഗതയ്ക്കു ശേഷം വാട്ട് കൈൻഡ് ഓഫ് നായർ യൂ ആർ എന്ന് നിവൃത്തികേടു കൊണ്ടു ചോദിക്കേണ്ടി വന്നു അതിനെതിരേ നിയമനടപടികൾ ആരംഭിക്കാൻ. ഓർക്കണം... പതിയെ തീ പിടിച്ചു വന്ന്‌ ബഡവാഗ്നിയായി പരിണമിക്കേണ്ടിയിരുന്ന ഒരു ആഭ്യന്തരകലാപത്തിന്റെ വിത്തുകോശമായിരുന്നു ആ ബ്ലോഗ്. നിയമബിരുദധാരിയായിരുന്ന ആ കുറ്റവാളി ഒരു പക്ഷേ ലക്ഷ്യം വച്ചിരുന്നതും നായർ-ക്രിസ്ത്യൻ കലാപമായിരുന്നിരിക്കാം അതിനോടാണ്‌ എല്ലാ രേഖകളും സഹിതം മുന്നറിയിപ്പു കൊടുത്തിട്ടും നേതൃത്വം ഒരു മാസത്തിലേറെ നീണ്ടു നിന്ന ക്രിമിനൽ സൈലൻസ് പാലിച്ചത്. പണിക്കർ സാർ കേസ് കൊടുത്ത് മൂന്നിന്റന്ന് സൈബർ സെൽ ആ ക്രിമിനലിനെ അറസ്റ്റു ചെയ്യുകയും ചെയ്തു.  കേസ് പുരോഗമിക്കവേ അയാൾ മരണപ്പെട്ടുവെന്ന് ഇടക്കാരോ പറഞ്ഞു കേട്ടു...  (ഈ വിഷയത്തിലെ എഴുത്തുകളും, പത്രറിപ്പോർട്ടുകളും എന്റെ ആർക്കൈവിലുണ്ട്)

അപ്പോൾ പറഞ്ഞു വന്നത്, നായന്മാരെ -കൂടിയ, മന്നത്തപ്പൂപ്പനെക്കാൾ വളരെയധികം കൂടിയ നായന്മാരെ- നന്നാക്കുകയെന്ന കീറാമുട്ടിയുമായി ജയകൃഷ്ണൻ ഗുസ്തി തുടങ്ങിയത് ‘ചെവിയിൽ പൂട’ കിളിർക്കുന്നതിനും മുൻപാണ്‌.

ഇന്നും എൻ എസ് എസിലെ അദ്ധ്യാപകരുടെ നിലവിലെ സ്ഥിരസാന്നിദ്ധ്യം പരിശോധിച്ചാൽ എത്ര പേർ നിലവിലുള്ള നിയമങ്ങളെ പച്ചയായി ദുർവ്വിനിയോഗം ചെയ്തും, പഴുതുകളുപയോഗിച്ചും, നിയമലംഘനം തന്നെ നടത്തിയും വിദേശങ്ങളിലുണ്ടെന്നു മനസ്സിലാക്കാം. എൻ എസ് എസ് സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരം പടവലങ്ങ പോലെ വളരുന്നതിന്റെ മൂലകാരണവും ഇതൊക്കെത്തന്നെയാണ്‌.

ഇത്രയധികം ഇൻഫ്രാസ്ട്രക്ചറും, ഭൂസ്വത്തുമുള്ള മറ്റൊരു സമുദായസ്ഥാപനവും ഇല്ലെന്നത് നിസ്തർക്കമാണെന്നിരിക്കേ, ഈ വിഭവങ്ങളെയൊന്നും -അവനവന്റെ വർഗ്ഗം നന്നാവട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച കുറേപ്പേരുടെ ഔദാര്യമാണിതെല്ലാം- വേണ്ട രീതിയിൽ സംരക്ഷിക്കാതെയും പരിപോഷിപ്പിക്കാതെയും കേവലം പണമെണ്ണിക്കൊടുക്കുന്നവനെ മാത്രം വല്ല വിധേനയും യു ജി സി മാർഗ്ഗനിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്ന നാലു കടലാസ്സുകളുടെ മാത്രം പിൻബലത്തിൽ നിയമിച്ചും, അവർക്ക് യഥേഷ്ടം തോന്നിവാസം കാണിക്കാനുള്ള അവസരമൊരുക്കിയും നേതൃത്വം ഒരു വലിയ ജനതയുടെ പ്രതീക്ഷയും, അഭിമാനവുമായ ഈ സംരംഭത്തെ പച്ചയായി വ്യഭിചരിക്കുകയാണ്‌.

ഇന്റർവ്യൂ എന്ന പ്രഹസനങ്ങൾക്കാവട്ടെ; സർക്കാർ പ്രതിനിധിയായോ, അക്കാഡമിക് എക്സ്പർട്ടായോ വരുന്നവർ പോലും മാനേജ്‌മെന്റിന്റെ ഇംഗിതത്തിനടിയിൽ തുല്യം ചാർത്തി പിരിയുന്ന ദയനീയാവസ്ഥ.

ഓർക്കണം, അഭ്യസ്ഥവിദ്യരായ കഴിവുള്ള ഉദ്യോഗാർത്ഥികൾ വെളിയിൽ നോക്കി നിൽക്കുമ്പോഴാണ്‌ ഈ ദുര്യോഗം. സർവ്വീസ് സൊസൈറ്റിയുടെ അടിസ്ഥാന ബൈലോ പോലും തന്നിഷ്ടപ്രകാരം പൊളിച്ചെഴുതിയിട്ടുണ്ടോ എന്ന സംശയം പ്രബലമാണ്‌. കാരണം, നിയമബിരുദമുള്ള ഒരാൾക്കു മാത്രം അലങ്കരിക്കാൻ കഴിയുന്ന എൻ എസ് എസ് ജനറൽസെക്രട്ടറിയുടെ സിംഹാസനത്തിൽ ഇന്നത്തെ സെക്രട്ടറി ഏതു മാനദണ്ഡം അടിസ്ഥാനമാക്കിയാണിരിക്കുന്നതെന്ന് ഇനിയും മനസ്സിലാകുന്നില്ല. അഥവാ അദ്ദേഹം നിയമബിരുദധാരിയാണെന്നാണ്‌ അവകാശവാദമെങ്കിൽ, സർട്ടിഫിക്കറ്റ് കാണണ്ട, കൊലക്കേസു വാദിച്ചു ജയിക്കുകയും വേണ്ട വെറും IPC 268 ആം വകുപ്പു പ്രകാരം സമർപ്പിക്കപ്പെട്ട വെറുമൊരു പബ്ളിക് നൂയിസെൻസ് കേസിന്മേലെങ്കിലും, ബാർ കൗൺസിൽ അക്രഡിറ്റേഷനോടെ സന്നതെടുത്ത് കോട്ടിട്ടു പോയി ഒരു ജാമ്യമെടുത്തു കാണിക്കാൻ കഴിയുമോ സുകുമാരൻ സാറിന്‌? അഥവാ എന്നെങ്കിലും ചെയ്തിട്ടുണ്ടോ???

കഴിയില്ല. കാരണം സർട്ടിഫിക്കറ്റ് എവിടെ നിന്നും എങ്ങനെയും കിട്ടും. പക്ഷേ റെഗുലർ നിയമപഠനത്തിലൂടെ അംഗീകൃത സർട്ടിഫിക്കറ്റ് നേടാതെ ബാർ കൗൺസിൽ അക്രഡിറ്റേഷൻ കൊടുക്കില്ല. സന്നതെടുക്കാനും കഴിയില്ല. അതു തന്നെ കാരണം. അപ്പോൾ പിന്നെ ഈ നിയമബിരുദമെന്ന ടിഷ്യു പേപ്പറിന്‌ എന്താണു വില? ദീർഘവീക്ഷണത്തോടെ സമുദായാചാര്യൻ ചെയ്ത ഒരു നല്ല നിയമത്തെ നിർവ്വ്യാജം വ്യഭിചരിച്ചിരിക്കുന്നു എന്നാണോ അതിനർത്ഥം?

എൻ എസ് എസ് എസിൽ. കൊണ്ടും കൊടുത്തും നടന്ന ഈ കാലയളവിൽ എന്നാണ്‌?, എങ്ങനെയാണ്‌?, എപ്പോഴാണ്‌?, എവിടെ നിന്നാണ്‌? അദ്ദേഹം നിയമബിരുദം സമ്പാദിച്ചതെന്ന് അറിയാത്തതു കൊണ്ടാണ്‌ ഇത്രയും പറഞ്ഞത്. തെറ്റാണെങ്കിൽ തിരുത്തണം. ഈ തെറ്റു തിരുത്തൽ ഒരു വലിയ സമൂഹത്തിന്‌ അദ്ദേഹത്തിനു മേലുള്ള സംശയത്തിന്റെ പുകമറ നീക്കാനുപകരിക്കും.

വിദ്യാഭ്യാസത്തിന്റെ വിലയറിയുന്ന ഒരാൾ അനുവദിക്കുകയോ, വച്ചു പൊറുപ്പിക്കുകയോ ചെയ്യുന്ന കാര്യങ്ങളല്ല എൻ എസ് എസ് വിദ്യാലയങ്ങളിൽ നടക്കുന്നതെന്ന് എന്നാണ്‌ ഇനി നേതൃത്വം തിരിച്ചറിയുക? ഓരോ സ്കൂളിലെയും പഠന നിലവാരത്തെ കഴിഞ്ഞ 20 വർഷത്തെ താരതമ്യപഠനം ചെയ്തു നോക്കിയാൽ മനസ്സിലാകും അവിടയുണ്ടായിരിക്കുന്ന ഭീകരമായ ഇടിവും, അപകടകരമായ വീഴ്ചയും, ശിക്ഷാർഹമായ ഉദാസീനതയും, ലജ്ജാകരമായ ധർമ്മച്യുതിയും

മദ്യമാംസാദികൾ വേദവ്യാഖ്യാനങ്ങളിൽ

ശ്രീരാമൻ ബീഫ് കഴിക്കുമായിരുന്നു, കള്ളു കുടിക്കുമായിരുന്നു തുടങ്ങിയ അവകാശവാദങ്ങൾ ബീഫ് ഫെസ്റ്റിന്റെ പശ്ചാത്തലത്തിൽ രൂഢമൂലമാവുന്നുണ്ട്.

തൻകാര്യലാഭത്തിനായി പറഞ്ഞുണ്ടാക്കുന്ന ഇത്തരം ആരോപണങ്ങൾ മറുപടിയർഹിക്കുന്നില്ലെങ്കിലും, തെറ്റിദ്ധാരണയുണ്ടാവാനിടയുള്ള ശരിയായ അർത്ഥം അറിയാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്‌. വ്യാഖ്യാനങ്ങളിലെ പൊരുത്തക്കേടുകളും മനഃപ്പൂർവ്വമുള്ള കുടിലതയുമാണ്‌ പലപ്പോഴും ഇതിനു കാരണം.

അത്യന്തം വിശാലവും ഗഹനവുമായ സനാതനധർമ്മത്തിന്റെ ശാസ്ത്രങ്ങളിലും, ആചരണ-ഉപാസനാപദ്ധതികളിലും വിവിധങ്ങളായ ക്രമങ്ങൾ അനുശാസിക്കുന്നുണ്ട്. അവയെ അതിന്റെ പൂർണ്ണാർഥത്തിൽ ഉൾക്കൊള്ളാതിരുന്നാൽ അബദ്ധം പിണയുന്നതിൽ അത്ഭുതമെന്തിന്‌?

ആദ്യമേ തന്നെ ഒന്നു ചോദിക്കട്ടെ. ശ്രീരാമൻ അഥവാ മാംസാഹാരിയായിരുന്നെങ്കിൽ എന്താണ്‌ കുഴപ്പം? രജോഗുണപ്രധാനികളായ ക്ഷത്രിയ കുലത്തിൽ ജനിച്ചയാളാണ്‌
ശ്രീരാമൻ. കഴിച്ചാലും കുഴപ്പമൊന്നുമില്ല. അതുമല്ല ഇനി ഒരു സന്യാസി തന്നെ വിഹിതമായ മാംസം ഭക്ഷണമായി ഉപയോഗിച്ചാലും എന്താണ്‌ തെറ്റ്? സമ്യക്കായി
ന്യാസം ചെയ്യുന്ന സന്യാസിക്ക് - ഇഹ പര ബന്ധങ്ങളെയെല്ലാം ഉപേക്ഷിച്ച് സർവ്വസംഗപരിത്യാഗിയായി മാറിയ യോഗിവര്യന്‌ ആഹാരം ഒരു ഭോഗവസ്തുവല്ല. അത് തന്റെ ആത്മാവു കുടികൊള്ളുന്ന ശരീരത്തിന്റെ സന്ധാരണോപാധി മാത്രമാണ്‌.
കിട്ടുന്നത് ഭക്ഷിക്കുക. ഒന്നിനോടും മമതാഭേദമില്ലാതെ ജീവൻ
നിലനിർത്താനാവശ്യമുള്ള ഭക്ഷണം മാത്രം സേവിക്കുക. ആ മനോനിലയിലെത്തിയവരുടെ കാര്യമാണ്‌ പറഞ്ഞത്. അങ്ങനെയുള്ളവർക്ക് പാപ-പുണ്യങ്ങളെന്ന ഭേദവ്യത്യാസമില്ല. ഇനി വിഷയത്തിലേക്കു വരാം.

സോമലത - അഥവാ ശതാവരി - യിൽ നിന്നുമുണ്ടാക്കുന്ന സോമരസം ഏതോ വീര്യം കൂടിയ മദ്യമാണെന്നു വരെ വ്യാഖ്യാനിച്ച മഹാന്മാർ നമുക്കുണ്ട്. എന്തിനേറേ, ഭാഗവത
യജ്ഞവേദികളിൽ പോലും ഇത്തരം വ്യാഖ്യാനങ്ങൾ കേൾക്കാം.

ഇനി മദ്യം തന്നെ ഉപയോഗിച്ചെന്നാണെങ്കിൽ പോലും, മദ്യമെന്താണെന്ന് അറിഞ്ഞിട്ട് അതേക്കുറിച്ചു ചിന്തിക്കണം. ഇവിടെ നാട്ടുകാർ കള്ളു കുടിക്കുന്ന രീതിയെക്കുറിച്ചേയല്ല പറയുന്നത്. മിതവും ശാസ്ത്രീയവുമായ മദ്യത്തിന്റെ ധർമ്മവും താന്ത്രിക ധർമ്മത്തിലെ അതിന്റെ പ്രസക്തിയുമാണ്‌ വിഷയം.

മദ്യപാനം കൊണ്ട് പ്രത്യക്ഷത്തിൽ സംഭവിക്കുന്നതെന്താണ്‌? ബോധ മനസ്സ്‌ അബോധമനസ്സിലേക്ക് ലയിക്കുന്നു. സത്യ-മിഥ്യാ ഭേദമില്ലാതെ ഏകാത്മകതയിൽ എത്തുന്നു. എന്നാൽ നമ്മൾ കുടിക്കുന്നതിന്റെ ‘അളവ്‌’  നമ്മെ കൊണ്ടെത്തിക്കുന്നത് ബോധമില്ലായ്മ എന്ന പരിപൂർണ്ണ അന്ധതയിലേക്കാണ്‌. കാള
കാടി കുടിക്കുന്നതു പോലെ എടുത്തു കമിഴ്ത്തുന്ന കലാപരിപാടി മാത്രം വശമുള്ളവന്‌ മദ്യത്തിന്റെ ഇത്തരം ലക്ഷ്യങ്ങളും, ഉപാസനാപദ്ധതികളിലെ അതിന്റെ ധർമ്മവും മനസ്സിലാവില്ല.

ഇവിടെ അതല്ല പറയുന്നത്. അബോധമായതിനെ ബോധത്തിലേക്ക് സ്വാംശീകരിച്ച്, മിഥ്യയെ സത്യത്തിന്റെ ഉണ്മയിലേക്ക് ലയിപ്പിക്കുന്ന പ്രതീകമാകുന്നു ഇവിടെ മദ്യം. ശിവൻ ലയങ്കരനാണ്‌. സർവ്വവും സനാതനസത്യത്തിൽ ലയിപ്പിക്കുന്ന സംഹാരകാരകൻ. ജീവാത്മാവിനെ പരമാത്മാവിലേക്കു ലയിപ്പിക്കുന്ന യോഗസാധനയുടെ ഒരു പ്രതീകമായി മദ്യമെന്ന ലയകാരിയെ കുലാർണ്ണവതന്ത്രം കണക്കാക്കിയിട്ടുണ്ട്. ശാക്തേയോപാസനാപദ്ധതികളിലെ പഞ്ചമകാരങ്ങൾ എന്നറിയപ്പെടുന്ന മദ്യം, മാംസം, മൈഥുനം തുടങ്ങിയവകളൊക്കെയും ലൗകിക ജീവിതത്തിൽ വർജ്ജ്യമെന്നോ, നിയന്ത്രിതമെന്നോ കണക്കാക്കുമ്പോൾ ഇവ ഉപാസനാപദ്ധതികളോട് ചേരുന്നതിന്റെ ശാസ്ത്രീയവശം ചിന്തിക്കാതെയാണ്‌ പലരും ഇവയെ എടുത്തുയർത്തിക്കാട്ടി പ്രയോഗിക്കുന്നത്.

അറിവുകേടു കൊണ്ടു വന്നു ഭവിക്കുന്ന തകരാറുകൾ വേറേ.
പ്രത്യക്ഷഗണപതിഹോമമെന്ന പേരിൽ ആനയെ ഇരുത്തി, ദേവനു ലഭിക്കേണ്ട ഹവിസ്സു തീറ്റിക്കുന്ന ഏർപ്പാട് ഈയിടെ തുടങ്ങിയതാണ്‌. ഫലമോ? യജ്ഞം അതിന്റെ ലക്ഷ്യം കാണാതെ പോകുന്നു. കാഴ്ചക്കാരന്‌ വിരുന്നൊരുക്കൽ മാത്രമായി മാറുന്നു വൈദികമായ ഒരു മഹദ്കർമ്മം. ഹവിസ്സിന്റെ യഥാർഥ അധികാരിയിൽ സമർപ്പിതമാവാത്ത നൈവേദ്യം എന്തു ഫലമാണ്‌ നൽകുക? വെറും പാഴ്‌വേലയായി അത് പരിണമിക്കുന്നു. അഥവാ ഇങ്ങനെയൊരു വ്യത്യാസത്തെക്കുറിച്ച് ദേവഹിതം തേടിയിട്ടാണോ ഈ ചടങ്ങുകൾ പുനഃക്രമീകരിച്ചത്?

വൈദികകർമ്മങ്ങൾ ആർഭാടമാക്കേണ്ടത് അതിന്റെ ഭക്തിയിലും സമർപ്പണത്തിലുമാൺ അല്ലാതെ ഇത്തരം അലങ്കാരങ്ങളിലും കെട്ടുകാഴ്ചകളിലുമല്ല എന്ന് ഇവയ്ക്കൊക്കെ നേതൃത്വം നൽകുന്നവർ ചിന്തിക്കേണ്ടതുണ്ട്.

രാമായണമെന്നല്ല, പുരാണങ്ങളെയും,  വേദഭാഗങ്ങളെപ്പോലും അപനിർമ്മിച്ച് അതിനെ വളച്ചൊടിച്ച കഥകൾ നിരവധിയുണ്ട്. ഒരുദാഹരണം പറയാം. ഇന്നലെ വായിച്ചതാണ്‌, മാലി രാമായണത്തിന്റെ ഒരു വേർഷൻ...

അതിൽ, വനവാസത്തിനായി പുറപ്പെട്ട ലക്ഷ്മണൻ, ഇടക്ക് അൽപ്പനേരം ഉറങ്ങി ക്ഷീണം തീർത്തുവെന്ന് വ്യക്തമായി എഴുതിയിരിക്കുന്നു. 14 വർഷം ബ്രഹ്മചര്യം ദീക്ഷിച്ച് ഉറങ്ങാതെയിരിക്കുന്ന ഒരുവനേ ഇന്ദ്രജിത്തിനെ കൊല്ലാൻ
കഴിയുകയുള്ളൂ എന്ന് വരമുണ്ട്. അതു കൊണ്ടാണ്‌ വനയാത്രയിൽ ഊർമ്മിള ലക്ഷ്മണനെ അനുഗമിക്കാതെയിരുന്നതും. സ്വാഭാവിക സാംഗത്യം വച്ചു നോക്കിയാൽ, ഊർമ്മിള സീതയ്ക്കു സഖിയായി അവരോടൊപ്പം പോകേണ്ടതാണ്‌. അങ്ങനെ നൈഷ്ഠികബ്രഹ്മചര്യവും, 14 വർഷത്തെ നിദ്രാവിഹീനത്വവും സുപ്രസിദ്ധമായ ലക്ഷ്മണനാണ്‌ ഇടക്കു ചായ കുടിച്ച് ഉച്ചമയക്കം നടത്തിയെന്ന് എഴുതി വച്ചിരിക്കുന്നത്.

ഇതു പോലെ നിരവധി ഉദാഹരണങ്ങൾ. കൂട്ടിച്ചേർക്കലുകൾ, അഥവാ വികലവ്യാഖ്യാനങ്ങൾ അറിയാതെ വന്ന പിഴവുകളായും, മനഃപ്പൂർവ്വം ആശയഗതിയെ തടസ്സപ്പെടുത്താനും വികലമാക്കുവാനും വേണ്ടി തിരുകി കയറ്റിയതായും ഇവകളിലുണ്ട്.

മറ്റൊന്നുള്ളത് വ്യാഖ്യാനങ്ങളിലെ പിഴവുകളാണ്‌. അതും രണ്ടു തരത്തിൽ വന്നു ചേരുന്നു. ഒന്ന് അൽപ്പജ്ഞാനവും മറ്റൊന്ന് മനഃപ്പൂർവ്വമുള്ള അപനിർമ്മിതിയും. സംസ്കൃതഭാഷയെ വൈദികമെന്നും ലൗകികമെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു എന്ന് ആചാര്യ എം ആർ രാജേഷ് ഉദാഹരണസഹിതം വിശദീകരിച്ചു തരുന്നുണ്ട്. വൈദിക സംസ്കൃതം ലൗകിക സംസ്കൃതത്തെ അപേക്ഷിച്ച് ഗഹനവും, ഗൂഢവുമാണ്‌. അതിന്റെ അർത്ഥ വ്യാകരണ മാനങ്ങളും നിയമങ്ങളും വ്യത്യസ്തമാണ്‌. വേദമന്ത്രങ്ങളെ ഗൂഢമെന്നും രഹസ്യമെന്നും പറയപ്പെടുന്നത് അതു കൊണ്ടാണ്‌. ഋജുവായതോ കേവലം ഭാഗികമായതോ ആയ വായനയിൽ ഗ്രഹിക്കാൻ കഴിയുന്നവയല്ല അതിന്റെ അർഥങ്ങൾ. വായനയോടൊപ്പം, തന്റെ പാണ്ഡിത്യവും, മനനസിദ്ധിയും ചേർത്ത് സംസ്കരിച്ചെടുത്ത് സാക്ഷാത്കരിക്കേണ്ടവയാണ്‌ വേദാർത്ഥങ്ങൾ.

ഗോരസം / ഗവ്യം എന്ന വാക്കിനെ യഥാർത്ഥ അർത്ഥത്തിൽ നോക്കിയാൽ, പാൽ, വെണ്ണ, തൈര്‌, ചാണകം, ഗോമൂത്രം എന്നൊക്കെ അർത്ഥം പറയാൻ കഴിയുന്നതു പോലെ തന്നെ ഗോമാംസം എന്നും അർത്ഥം പറയാം. ഇതിൽ ഏത് അർത്ഥം കൽപ്പിക്കണമെന്നത് വ്യാഖ്യാതാവിന്റെ മനനവൈഭവവും, പാണ്ഡിത്യവും, യുക്തിബോധവുമനുസരിച്ചാണ്‌. ചൊവ്വേ നേരേ ചിന്തിക്കുന്നവന്‌ യഥാർഥ അർത്ഥം തെളിഞ്ഞു വരും. ഗോരസം ചേർത്ത അന്നം എന്നത് പാൽപ്പായസമാണെന്നിരിക്കേ തലതിരിഞ്ഞ കമ്യൂണിസ്റ്റുകൾ വ്യാഖ്യാനിച്ചു വരുമ്പോൾ അത് ചാണകം ചേർത്ത ചോറെന്നോ, ഗോമാംസം ചേർത്ത ചോറെന്നോ അർത്ഥം പറയും.

പഠിച്ച് - മനനം ചെയ്ത് സാക്ഷാത്കരിക്കേണ്ടവയെ കേവലം ഉപരിപ്ലവമായ വാച്യാർത്ഥങ്ങളിൽ കടിച്ചു തൂങ്ങി ദുർവ്യാഖ്യാനം ചെയ്ത് അതിന്റെ യഥാർഥ ലക്ഷ്യവുമായി യാതൊരു ബന്ധവുമില്ലാത്ത മാനങ്ങൾ നൽകി സമൂഹത്തിനു
നൽകിയവർക്ക് വ്യക്തമായ ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ചില പടുവിഡ്ഢികൾ അതും എഴുന്നള്ളിച്ചു കൊണ്ടു നടന്ന് സ്വന്തം പൈതൃകത്തെ വിലകുറച്ചു കാണുന്നതിന്‌ വേദകാരനോ, ഇതിഹാസകാരനോ, പുരാണകർത്താക്കളോ എന്തു പിഴച്ചു?

© കാവാലം ജയകൃഷ്ണൻ

ശശികലടീച്ചർ പറഞ്ഞാലും നിങ്ങൾക്കു മനസ്സിലാകാത്തത്

ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അദ്ധ്യക്ഷയെ കളിയാക്കിക്കൊണ്ടും, ക്ഷേത്രങ്ങൾ സർക്കാരിന്റേതാണെന്നും പൊതുമുതലാണെന്നും സ്ഥാപിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയും ഒരു മതേതര മാക്രി പോസ്റ്റ് ചെയ്ത മായം ചേർത്ത പ്രസ്താവനകളും അവയ്ക്കുള്ള മറുപടിയുമാണിത്. കൂടാതെ പോസ്റ്റ്മാൻ ഒരിക്കലും പറയാത്ത -പറയാൻ ധൈര്യപ്പെടാത്ത കുറച്ചു കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുന്നു. രണ്ടു ദിവസം മുൻപേ ഇത് ഒരാൾ ഷെയർ ചെയ്തതിൽ ഞാൻ ഈ കാര്യങ്ങൾ കമന്റായി ഇട്ടിരുന്നു. രാഷ്ട്രീയ ഭീരുത്വമോ, അതോ ഇനി പാർട്ടിയിൽ നിന്നു പുറത്താക്കുമോ എന്നാ ഭയമോ എന്നറിയില്ല. ആ സഖാവ് അത് ഡിലീറ്റ് ചെയ്തു. വാസ്തവമെന്തെന്നും എന്റെ നിലപാടെന്തെന്നും മാറ്റമില്ലാത്ത ഉറപ്പുള്ളതിനാൽ അത് രണ്ടാമതെഴുതി പോസ്റ്റ് ചെയ്യാൻ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല.

1. വരുമാനം ഉളള ക്ഷേത്രങ്ങളിലെ പണം ഉപയോഗിച്ചാണ് ദേവസ്വം ബോര്‍ഡ് വരുമാനമില്ലാത്ത ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളവും മറ്റു പുനർ നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്നതെന്ന് ശശികല നിങ്ങളോട് പറയില്ല>>>

വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്നും ഊറ്റി മാറ്റുന്ന ശതകോടികളിൽ നിന്നും ഭക്തജനങ്ങളുടെയും ഉപദേശകസമിതിയുടെയും മറ്റും നിരന്തര നിർബന്ധം സഹിക്കാതെ വരുമ്പോഴും ബോർഡ് പ്രതിസന്ധിയിലും പ്രതിരോധത്തിലുമാകുമ്പോഴും മാത്രമാണ് നക്കാപ്പിച്ച ചിലവാക്കി എന്തെങ്കിലും പുനരുദ്ധാരണം നടത്തുന്നെങ്കിൽ അത് തന്നെ ചെയ്യുന്നതെന്ന് പോസ്റ്റ് മുതലാളി പറഞ്ഞില്ല. അടിയന്തര ജീർണ്ണോദ്ധാരണങ്ങൾക്കു പോലും പലയിടത്തും വിമുഖത കാട്ടുന്ന ബോർഡിനെക്കുറിച്ചും ക്ഷേത്രങ്ങളുടെ ശോച്യാവസ്ഥയെക്കുറിച്ചും പോസ്റ്റ് മുതലാളി പറഞ്ഞില്ല.

2. ശബരിമല ഉൾപെടുന്ന തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം 80 ലക്ഷം രൂപ സർക്കാർ അങ്ങോട്ട് നൽകുകയാണെന്ന് ശശികല നിങ്ങളോട് പറയില്ല>>>

ബോർഡിന് സർക്കാർ കൊടുക്കുന്നു എന്നവകാശപ്പെടുന്ന 80 ലക്ഷം ഔദാര്യമല്ല. ഇത് സായിപ്പിന്റെ കാലത്ത് ബോർഡ് രൂപീകരിച്ചപ്പോൾ ക്ഷേത്രസ്വത്തുക്കൾ അറ്റാച്ച് ചെയ്തതിനു പകരമായി അനുവദിച്ച ഗ്രാന്റ് ആണെന്നും പോസ്റ്റ് മുതലാളി പറഞ്ഞില്ല. അന്നത്തെ 80 ലക്ഷം ഇന്നും അമൻഡ് ചെയ്യാതെ തുടരുന്നു. അന്ന് 80 ലക്ഷം ഗ്രാന്റായി നൽകണമെങ്കിൽ എത്ര മില്യണുകൾ മൂല്യം വരുന്ന സ്വത്തായിരിക്കും സർക്കാർ കൈവശപ്പെടുത്തിയതെന്നതും പോസ്റ്റ് മുതലാളി പറയുന്നില്ല.

3. കൂടാതെ ശബരിമല ഉൾപെടെയുളള നിരവധി ക്ഷേത്രങ്ങൾക്ക് കോടികൾ ചിലവഴിച്ച് സുരക്ഷ ഒരുക്കുന്നത് സർക്കാരാണെന്നും അത് പൊതുജനങ്ങളുടെ പണമാണെന്നും ശശികല നിങ്ങളോട് പറയില്ല>>>

ശബരിമലയുൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ സുരക്ഷ ഒരുക്കുന്നത് ഭക്തരായ ഹൈന്ദവജനതയോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് അവരുടെ സുരക്ഷയെ കരുതിയല്ലെന്നും തങ്ങൾ കയ്യിട്ടുവാരി കട്ടുമുടിക്കുന്ന കോടിക്കണക്കിനു വിലമതിക്കുന്ന സ്വത്തുവകകൾ 'വേറേ കള്ളന്മാർ' ആരും വന്ന് കൊണ്ടുപോകാതിരിക്കാനാണെന്നും പോസ്റ്റ് മുതലാളി പറഞ്ഞില്ല. ഈ സുരക്ഷയോരുക്കുന്ന പണവും അവിടങ്ങളിൽ ഭക്തരിൽ നിന്ന് പിഴിഞ്ഞെടുക്കുന്ന സഹസ്രകോടികളിൽ നിന്നു തന്നെയാണെന്നും -അത് ഇതര മതസ്ഥരും ക്ഷേത്രവിശ്വാസികളല്ലാത്ത മാക്രികളും അടങ്ങുന്ന പൊതുജനങ്ങളുടെയല്ല ഹിന്ദുക്കളുടെ മാത്രം പണമാണെന്നും പോസ്റ്റ്മുതലാളി പറഞ്ഞില്ല.

3 a) ശബരിമലയിൽ, വെള്ളം വൈദ്യുതി, പോലീസ് അടക്കമുള്ള മുഴുവൻ സംവിധാനങ്ങൾക്കും ബോർഡിൽ നിന്നും വേറെ വൗച്ചറിൽ സർക്കാർ പണമീടാക്കുന്നുണ്ടെന്ന് പോസ്റ്റ് മുതലാളി പറഞ്ഞില്ല. അതും സാധാരണ നിരക്കിലും വളരെ ഉയർന്ന തുക.

4. സ്വാതന്ത്ര്യത്തിനു മുമ്പ് ഈ ക്ഷേത്രങ്ങളൊക്കെയും അവിടുത്തെ സ്വത്തുക്കളും കൈകാര്യം ചെയ്തിരുന്നത് രാജാവായിരുന്നുവെന്ന് ശശികല നിങ്ങളോട് പറയില്ല>>>

സ്വാതന്ത്ര്യത്തിനു മുൻപേ രാജാവായിരുന്നെങ്കിൽ അതിൽ നിന്നും ഒന്നും രാജാവ് കട്ടിട്ടില്ലെന്നും, അവിടേയ്ക്ക് വീണ്ടും സ്വത്തുക്കൾ മുതൽക്കൂട്ടുക മാത്രമേ ചെയ്തിട്ടുള്ളെന്നും പോസ്റ്റ് മുതലാളി പറഞ്ഞില്ല. രാജാവ് ഹൈന്ദവനായിരുന്നെന്നും, അദ്ദേഹം ഈശ്വരവിശ്വാസി ആയിരുന്നെന്നും ഭഗവദ്പാദങ്ങളിൽ രാജ്യഭാരം തൃപ്പടിദാനം ചെയ്ത് സേവനം ചെയ്ത സനാതനധർമ്മിയായിരുന്നെനും ഇന്ന് അതേ ക്ഷേത്രങ്ങൾ ഭരിക്കുന്നത് കള്ളന്മാരും നിരീശ്വരവാദികളുമായ മാക്രികളടക്കമുള്ള രാഷ്ട്രീയക്കാരാണെന്നും മുതലാളി പറഞ്ഞില്ല.

5. 1100 കൊല്ലം കേരളത്തിലെ ദൈവങ്ങളെ കാണാൻ 70 % വരുന്ന ദളിത് പിന്നോക്കകാർക്ക് അവകാശമുണ്ടായിരുന്നില്ലെന്ന് ശശികല നിങ്ങളോട് പറയില്ല>>>

1100 കൊല്ലം ദൈവത്തെ കാണാൻ കഴിയാതിരുന്ന ഇവിടുത്തെ അധഃസ്ഥിതർക്ക് ക്ഷേത്രപ്രവേശനവിളംബരത്തിലൂടെ ക്ഷേത്രങ്ങൾ തുറന്നു കൊടുത്തത് അന്നത്തെ രാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ്  ആയിരുന്നു. അതിനു വേണ്ടി പരിശ്രമിച്ചത് മഹാത്മാഗാന്ധിയും, നിങ്ങൾ കുരിശിൽ തറച്ച ശ്രീനാരായണഗുരുദേവനും, ചട്ടമ്പിസ്വാമികളെയും  പോലെയുള്ള സാമൂഹ്യപരിഷ്കർത്താക്കളും. ഇക്കാര്യവും പോസ്റ്റ് മുതലാളി മനഃപ്പൂർവം പറഞ്ഞില്ല. അല്ലെങ്കിൽ മുതലാളിക്കറിയില്ല.

6. കറുത്തവരെ 7 അടി അകലത്തിനുളളിൽ കണ്ടാൽ ശുദ്ധിവരുത്തേണ്ടവരായിരുന്നു കേരളത്തിലെ ദൈവങ്ങളെന്ന് ശശികല നിങ്ങളോട് പറയില്ല.>>>

കറുത്തവരെ കണ്ടാൽ ശുദ്ധി വരുത്തുന്ന ദൈവങ്ങളേക്കുറിച്ച് മുതലാളി ആവേശം കേറിയപ്പോൾ ഒരു ഓളത്തിനങ്ങു പറഞ്ഞേന്നേയുള്ളായിരിക്കും. അതല്ലെങ്കിൽ അങ്ങനെയുള്ള ദൈവങ്ങളെയോ ആചാരങ്ങളോ പരാമർശിക്കുന്ന ചരിത്രരേഖകളെന്തെങ്കിലും തെളിവായി കാണിക്കാനുള്ള സാമാന്യ മര്യാദ പോലും കാണിക്കാമായിരുന്നു. (അത് പ്രതീക്ഷിക്കുന്നതാണ് തെറ്റെന്നറിയാം)

7. ബ്രാഹ്മണൻറ ഉച്ചിഷ്ടത്തിൽ ഉരുണ്ടാൽ മാറുന്ന രോഗങ്ങൾ കർണ്ണാടകത്തിലെ ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് ഇപ്പോഴും ഉണ്ടെന്ന് ശശികല നിങ്ങളോട് പറയില്ല.>>>

ബ്രാഹ്മണന്റെ ഉച്ചിഷ്ടത്തിൽ ഉരുളുന്ന അനാചാരത്തിനെതിരെ ശബ്ദമുയർത്തിയതും അതിനെതിരെ ആദ്യമായി നിയമവ്യവസ്ഥയെ സമീപിച്ചതും ഹൈന്ദവസംഘടനകളാണെന്ന സത്യം പോസ്റ്റ് മുതലാളി പറഞ്ഞില്ല. അതിനെതിരെ കേരളത്തിലിരുന്നു കുരയ്ക്കുക മാത്രമാണ് മാക്രിസ്ടുപാർട്ടി ചെയ്തിട്ടുള്ളതെന്നും ഒരുത്തനും ആ വഴി തിരിഞ്ഞു കയറിയിട്ടില്ലെന്നും മുതലാളി സൌകര്യപൂർവ്വം പറയാതിരുന്നു.

8. ഇന്ത്യയിലെ പുൽക്കൊടി പോലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തപ്പോൾ സ്വാതന്ത്ര്യ സമരം ചെയ്യുന്നത് ഹൈന്ദവ ധർമ്മമല്ലെന്ന് പുസ്തകമെഴുതിയ ആളാണ് തങ്ങളുടെ മുത്തപ്പൻ ഗോൾവൾക്കറെന്ന് ശശികല നിങ്ങളോട് പറയില്ല>>>

ഇന്ത്യ-ചൈന യുദ്ധം നടന്നപ്പോൾ രക്തദാനം ചെയ്യാൻ സന്നദ്ധരായ പാർട്ടി പ്രവർത്തകരെ പാർട്ടിവിരുദ്ധനെന്നു മുദ്രകുത്തി താക്കീത് ചെയ്ത പാർട്ടിയിൽ നിന്ന് കൊണ്ട് രാഷ്ട്രസ്നേഹികൾക്കെതിരേ വീരസ്യം വിളമ്പുന്ന പോസ്റ്റ് മുതലാളി സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കശ്മീരിൽ തീവ്രവാദികൾ ദേശീയ പതാക ഉയർത്തുന്നതിന് വിലക്കേർപ്പെടുത്തിയിരുന്ന ഒരു കാലഘട്ടത്തെ മനഃപ്പൂർവ്വം മറക്കുകയും, അന്ന് സകല പ്രതിസന്ധികളെയും തച്ചുടച്ച് അവിടെ രാജ്യത്തിന്റെ അഭിമാനപതാക പാറിക്കാൻ ഇതേ ഗോൾവൾക്കറുടെ ശിഷ്യനും ഇന്നത്തെ ഭാരതത്തിന്റെ സൂര്യതേജസ്സുമായ നരേന്ദ്ര ദാമോദർദാസ് മോഡി എന്ന യുവാവും അദ്ദേഹം നയിച്ച പടയുമേ ഉണ്ടായിരുന്നുള്ളൂ എന്നതും പറഞ്ഞില്ല. അഥവാ അറിഞ്ഞില്ല. ഗോൾവൾക്കറുടെ പുസ്തകത്തിൽ ഉണ്ടെന്നവകാശപ്പെടുന്ന ഭാഗം പേജ് നമ്പർ സഹിതം ഉദ്ധരിക്കാനും പോസ്റ്റ് മുതലാളിക്ക് കഴിഞ്ഞില്ല. (കള്ളത്തരം ഉദ്ധരണിയിൽ പറയുന്നതെങ്ങനെ അല്ലേ?)

9. ബ്രിട്ടീഷ് ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടത്തിയപ്പോൾ ഹിന്ദു ജനസംഖ്യ 20% ആയിരുന്നുവെന്നും ബാക്കിയുളള ദളിതരെയും പിന്നോക്കകാരെയും മനുഷ്യരായിപോലും കണക്കാക്കിയിരുന്നില്ലെന്ന് ശശികല നിങ്ങളോട് പറയില്ല . മനുഷ്യരായിപോലും കണക്കാക്കാത്ത ജാതിക്കാർ രക്ഷപെടാൻ വേണ്ടി മറ്റുമതങ്ങളിലേക്ക് ചേക്കേറി മതംമാറിയതാണെന്ന് ശശികല നിങ്ങളോട് പറയില്ല.>>>

ബ്രിട്ടീഷുകാർ ഇന്ത്യൻ ജനസംഖ്യാകണക്കെടുത്തതിന് ശശികല ടീച്ചർ എന്ത് പിഴച്ചു? ജാതി വിവേചനം പ്രോത്സാഹിപ്പിച്ച് കാര്യം നേടിയ അതേ ബ്രിട്ടീഷ് തന്ത്രത്തെ ഇന്നും അതേപടി പ്രയോഗിക്കുന്നതും പ്രീണനവും, ദ്വേഷണവും തുടങ്ങി സകല തന്ത്രങ്ങൾ കൊണ്ടും തമ്മിലടിപ്പിക്കുന്നതും സ്വന്തം പാർട്ടിയാണെന്നും പോസ്റ്റ് മുതലാളി പറഞ്ഞില്ല.

10. ബ്രാഹ്മണാധിപത്യം ലക്ഷ്യം കണ്ട് മുസ്സോളിനിയിൽ നിന്നും ആവേശം ഉൾക്കൊണ്ട് ഗോൾവൾക്കർ രൂപികരിച്ചതാണ് RSS എന്ന് ശശികല നിങ്ങളോട് പറയില്ല.>>>

ബ്രാഹ്മണാധിപത്യം മുന്നിൽക്കണ്ടു സ്ഥാപിച്ചെന്ന്‌ പോസ്റ്റ് മുതലാളി അവകാശപ്പെടുന്ന രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ നേതൃനിരയിൽ എത്ര ബ്രാഹ്മണരുണ്ടെന്നും, അതേ ആർ എസ് എസ്സിന്റെ പ്രതിനിധിയായി രാഷ്ട്രം ഭരിക്കുന്ന നരേന്ദ്രമോഡിയുടെ ജാതിയേതെന്നും പോസ്റ്റ് മുതലാളി പറഞ്ഞില്ല. ഇനി അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗപ്പാർട്ടിയുടെ തലപ്പത്തിരിക്കുന്ന പുംഗവന്മാരുടെയൊക്കെ ജാതി ഏതെന്നു കൂടി ചോദിച്ചാൽ പോസ്റ്റ് മുതലാളി സ്ഥലം വിടും. (അതൊക്കെ പറഞ്ഞാൽ ഇടതു വശത്തു തീട്ടക്കുഴി കണ്ടാലും ഇടതു വശം ചേർന്നല്ലാതെ നടന്നാൽ പോസ്റ്റ് മുതലാളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കും.)
*********************************************************************

ശശികല ടീച്ചർ പറയാതിരുന്ന വല്ലതുമുണ്ടോ എന്നന്വേഷിച്ചു നടക്കുന്ന പോസ്റ്റ് മുതലാളിയും കൂട്ടരും പറയുകയേ ചെയ്യാത്ത കുറച്ചു കാര്യങ്ങൾ കൂടി ഇനി പറയാം

1. ദേവസ്വം ബോർഡെന്ന വെള്ളാന വച്ചനുഭവിച്ചു കട്ടു മുടിച്ചു തേച്ചു കഴുകിക്കൊണ്ടിരിക്കുന്ന ക്ഷേത്രങ്ങളിൽ എല്ലാം തന്നെയുള്ള ഏക വരുമാനമാർഗ്ഗം, ഭൂസ്വത്തുക്കളിൽ നിന്നും മറ്റുമുള്ള വരുമാനം മാറ്റി നിർത്തിയാൽ, ഹിന്ദുക്കളായ ഭക്തജനങ്ങളുടെ സംഭാവനകൾ മാത്രമാണെന്നത് പോസ്റ്റ് മുതലാളി പറയില്ല

2. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഒരു അർച്ചനയ്ക്ക് ഭക്തൻ നൽകേണ്ട തുക 10 രൂപയാണ്‌. പുഷ്പാഞ്ജലിക്ക് 25 രൂപയും. ഈ തുകയിൽ നിശ്ചിത സംഖ്യ ബോർഡിനും ബാക്കി തുക ദ്രവ്യസമാഹരണം എന്ന പേരിൽ ക്ഷേത്രം മാനേജർക്കും ആണെന്ന കാര്യം മുതലാളി പറയില്ല.

2 a) അർച്ചനയ്ക്കും പുഷ്പാഞ്ജലിക്കും  ആവശ്യമായ ‘ദ്രവ്യം’ പുഷ്പം മാത്രമാണ്‌. ഈ പൂക്കൾ മിക്കവാറും ഭക്തജനങ്ങൾ തന്നെ ക്ഷേത്ര നടയിൽ സമർപ്പിക്കുന്നുമുണ്ട്. അപ്പോൾ ദ്രവ്യസമാഹരണം എന്ന വകുപ്പിലുള്ള പണം മാനേജരുടെ കീശയിലാണെന്നർത്ഥം. ചുരുക്കത്തിൽ ദേവസ്വം മാനേജർ ഒരു കമ്മീഷൻ ഏജന്റായി പ്രവർത്തിക്കുന്നു എന്നു സാരം. ഇതും പോസ്റ്റ് മുതലാളി പറയില്ല. (ദേവസ്വം മാനേജരുടെ പോസ്റ്റിനും, ചില ക്ഷേത്രങ്ങളിലേക്കുള്ള അവരുടെ സ്ഥലം മാറ്റത്തിനും ലക്ഷങ്ങൾ കൈക്കൂലി മറിയുന്നതിന്റെ 'ഗുട്ടൻസ്' എന്താണെന്നും പോസ്റ്റ് മുതലാളിക്കറിയില്ല. അറിഞ്ഞാലും പറയില്ല)

3. ക്ഷേത്രത്തിൽ മുതൽക്കൂട്ടി, പിന്നീടു ലേലം ചെയ്തു വിൽക്കുകയോ, ആസ്തിയിൽ കൂട്ടിച്ചേർക്കുകയോ ചെയ്യുന്ന തിരുവാഭരണം, സ്വർണ്ണം-വെള്ളി ആൾരൂപങ്ങൾ, താലി തുടങ്ങിയവ ഒരു ഭക്തന്‌ ഭഗവാനു സമർപ്പിക്കണമെങ്കിൽ പോലും ദേവസ്വം ബോർഡിനു പണമടച്ച് രസീതു വാങ്ങണമെന്ന് പോസ്റ്റ് മുതലാളി പറയില്ല.

4. ഇതരമതസ്ഥാപനങ്ങളും, ആരാധനാലയങ്ങളും അനുബന്ധ കെട്ടിടങ്ങളുമെല്ലാം മറ്റൊരു മതസ്ഥരുടെ മതപരമായ ചടങ്ങുകൾക്ക് വാടകയ്ക്കോ അല്ലാതെയോ അനുവദിക്കില്ലെന്നിരിക്കേ, സമുദായ താൽപര്യം അന്വേഷിക്കുക പോലും ചെയ്യാതെ കാശുമായി വരുന്ന ഏതൊരുത്തനും ഇതൊക്കെ തോന്നിയതു പോലെ കേറി മേയാൻ കൊടുക്കാറുള്ളതും പോസ്റ്റ് മുതലാളി പറയില്ല. (പറഞ്ഞാൽ മുതലാളിയുടെ മതേതരത്വം തകർന്നു താഴെപ്പോയാലോ?)

5. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്കോ, ഉപദേശകസമിതിക്കോ സ്വന്തം നിലയിൽ എന്തെങ്കിലും വികസന പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ പോലും ബോർഡിന്റെ കയ്യും കാലും പിടിക്കണമെന്നും എന്നാൽ തന്നെ അവിടുത്തെ വെള്ളാനകൾ അനുവദിക്കില്ലെന്നും മുതലാളി പറയില്ല.

6. ക്ഷേത്രങ്ങളിൽ പൂജാപാത്രങ്ങൾ ശുദ്ധി ചെയ്യലും, നിവേദ്യമുണ്ടാക്കലും തുടങ്ങി തിടപ്പള്ളിയിലെയും ഗർഭഗൃഹത്തിലെയും മുഴുവൻ ജോലികളും ചെയ്യുന്നത് ക്ഷേത്ര ശാന്തിക്കാരായ പൂജാരിമാരാണ്‌. അക്ഷരാർത്ഥത്തിൽ കഠിനാദ്ധ്വാനം. ഈ ജോലി ചെയ്യുന്ന മേൽശാന്തിയെപ്പോലും ഇന്നും ലാസ്റ്റ് ഗ്രേഡ് പദവിയിലാണ്‌ കാറ്റഗറൈസ് ചെയ്തിരിക്കുന്നതെന്നും പോസ്റ്റ് മുതലാളി പറയില്ല.

6 a) ഒരു കാലത്ത് ശാന്തിക്കാരെ ലാസ്റ്റ് ഗ്രേഡിൽ പെടുത്തിയതിനെക്കുറിച്ച് പറഞ്ഞു കേട്ടത് അവർക്ക് നടവരവു വഴിയായി ധാരാളം പണം കിട്ടുന്നതു കൊണ്ടാണിതെന്നാണ്‌. ഇതേ ബോർഡ് തന്നെ അടുത്ത കാലത്ത് തിരുമേനിക്ക് ദക്ഷിണ കൊടുക്കണ്ട അതു കൂടി കാണിക്കവഞ്ചിയിലിട്ടേക്കെന്നു ബോർഡ് തൂക്കിയതിനേക്കുറിച്ചു പറഞ്ഞാലും പോസ്റ്റ് മുതലാളിയും മാക്രികളും മാനം നോക്കും.

7. ക്ഷേത്രങ്ങൾ ദേവസ്വം ബോർഡ് ഭരണത്തിൻ കീഴിൽ വന്നതിനു ശേഷം, ക്ഷേത്രസങ്കേതങ്ങളിൽ നിന്നും, കട്ടു മുടിച്ചതും, വെട്ടിച്ചെടുത്തതും, പറ്റിച്ചെടുത്തതും, മുക്കിക്കൊണ്ടു പോയതും, കയ്യിട്ടു വാരിയതുമായ കോടിക്കണക്കിനു വരുന്ന കണക്കുകളും പോസ്റ്റ് മുതലാളി ഓർക്കില്ല. പറയുകയുമില്ല.

8. ക്ഷേത്രവും, ആചാരങ്ങളും; ഭക്തിയും വിശ്വാസവുമുള്ളവർക്കാണെന്നിരിക്കേ, ക്ഷേത്രവിശ്വാസികളല്ലാത്ത ഇതരമതസ്ഥരായ രാഷ്ട്രീയക്കാർക്കും, നിരീശ്വരവാദികളായ മാക്രിസ്റ്റു പാർട്ടിക്കാർക്കും ഇക്കാര്യത്തിൽ എന്താണിത്ര ശുഷ്ക്കാന്തിയെന്നും പോസ്റ്റ് മുതലാളി പറയില്ല. (പറഞ്ഞാൽ ആ നിമിഷം പാർട്ടിയിൽ നിന്നു പുറത്താക്കും)

9.വിവരാവകാശനിയമപ്രകാരം ലഭിച്ചുവെന്നു പറയപ്പെടുന്ന- അവകാശപ്പെടുന്ന- കള്ളക്കണക്കുകൾ, ഒന്നുകിൽ പച്ചക്കള്ളമാണ്‌. അതുമല്ലെങ്കിൽ തെറ്റായ കണക്കുകളാണ്‌. രണ്ടായാലും അതു പൊക്കിക്കൊണ്ടു നടക്കുന്നവർക്ക് നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്ന കാര്യവും പോസ്റ്റ് മുതലാളി സമ്മതിക്കില്ല.

ശ്രീമാൻ പോൾ സക്കറിയ അറിയാൻ

സംവരണം അവസാനിപ്പിക്കാൻ സമയമായി എന്ന് പറയുന്നത് ഫാസിസമാണെന്ന് അപലപിക്കുന്ന ശ്രീ.സക്കറിയയ്ക്ക് ഭരണഘടനയെക്കുറിച്ച് വലിയ ഗ്രാഹ്യമില്ലെന്നു തോന്നുന്നു.

സംവരണം നിർദ്ദേശിച്ചിരിക്കുന്ന അതേ ഭരണഘടനയിൽ ശ്രീ അംബേദ്‌ക്കർ തന്നെ, അതിനു കാലാവധി പാലിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ അത് ഇക്കാലമത്രയും നിർത്തലാക്കാതെ തുടർന്നത് രാഷ്ട്രീയക്കാരുടെ സങ്കുചിതമായ പ്രീണനതാൽപര്യത്തിന്റെ ഭാഗമാണ്.

സാഹിത്യ അക്കാദമി അന്നും ഇന്നും എന്നും മാറി മാറി വരുന്ന രാഷ്ട്രീയപ്പാർട്ടികളുടെ ചട്ടുകമായേ പ്രവർത്തിച്ചിട്ടുള്ളൂ എന്നത് ഒരു നഗ്നയാഥാർഥ്യമായി ഞങ്ങൾ ജനങ്ങളുടെ മുൻപിൽ നിൽക്കേ താങ്കൾ ആരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് ഈ പ്രഹസനവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.


എഴുത്തുകാർ നിലകൊള്ളേണ്ടതും, നിലനിൽക്കേണ്ടതും സ്വതന്ത്രവും നിഷ്പക്ഷവുമായ സർഗ്ഗഭൂമികയിലാണ്. അങ്ങനെയുള്ളവർ ഒന്നുകിൽ രാഷ്ട്രീയം പറയരുത്. പറയുന്നെങ്കിൽ തങ്ങളുടെ സൃഷ്ടികളെ നെഞ്ചോടു ചേർത്ത ഒരു സമൂഹത്തെയും തന്നെത്തന്നെയും വഞ്ചിക്കുന്ന തരത്തിൽ, തനിക്കു തന്നെ ബോദ്ധ്യമുള്ള വസ്തുതകളെ മനഃപ്പൂർവ്വം മറച്ചു വച്ചു കൊണ്ട് ദാ ഇത്തരത്തിലാവരുത്...


എഴുത്തുകാർ സമൂഹത്തിൽ ചലനം സൃഷ്ടിക്കേണ്ടത് തങ്ങളുടെ സർഗ്ഗസമ്പന്നത കൊണ്ടും അഗ്നിയെ ആവാഹിച്ച ധിഷണ കൊണ്ടുമാവണം. അല്ലാതെ പൊതുനിരത്തിൽ നഗ്നനായോ കോപ്രായം കാണിച്ചോ ജനശ്രദ്ധ കാംഷിക്കുന്നവരെപ്പോലെ കേവലം അർത്ഥശൂന്യവും ആത്മാർത്ഥതയുടെ ലവലേശമില്ലാത്തതുമായ വാചാടോപം കൊണ്ടല്ല എന്ന് അങ്ങയെപ്പോലൊരാളോട് പറയേണ്ടി വരുന്നതിൽ അത്യന്തം ഖേദമുണ്ട്. കാരണം അങ്ങും സാംസ്കാരിക കേരളത്തിന്റെ ബഹുമുഖങ്ങളിൽ ഒന്നായാണല്ലോ അറിയപ്പെടുന്നതെന്നതു തന്നെ.
https://www.facebook.com/photo.php?fbid=10153195096226662&set=a.10151808828871662.1073741827.522106661&type=3