Saturday, February 5, 2011

ഒരു ഓര്‍ക്കുട്ട് വഞ്ചന (എല്ലാവരും കരുതിയിരിക്കുക)

ഓർക്കുട്ട് പോലെയുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ കൈകാര്യം ചെയ്യുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് ആണിത്. പ്രത്യേകിച്ചും അവിവാഹിതരായ സ്ത്രീപുരുഷന്മാർക്ക്.

2010 കാലഘട്ടം. എനിക്ക് വിവാഹാലോചനകൾ നടന്നു വരുന്നു. ഇടക്ക് അമ്മ പറയുന്നു, നീ കൂടി സുഹൃത്തുക്കൾ വഴിയോ മറ്റോ അന്വേഷിക്കണം. എന്നിട്ട് അറിയിച്ചാൽ ഞാൻ പോയി ആലോചിക്കാം. നീ തിരഞ്ഞെടുക്കുന്നത് ആരെയായാലും എനിക്ക് സ്വീകാര്യമാണ്. ഹൃദയം നിറയെ പ്രണയമുണ്ടെങ്കിലും, ലോകത്തിൽ ആരെയും അങ്ങനെ പ്രണയിക്കാൻ സമയം കിട്ടിയിട്ടില്ലാത്ത ആളാണ് ഞാൻ. ഈ വിവരം അമ്മ നേരത്തേ (പ്ലസ് ടു വിനു പഠിക്കുമ്പോഴെങ്കിലും) പറഞ്ഞിരുന്നെങ്കിൽ എന്നോർത്ത് ഞാൻ നെടുവീർപ്പിട്ടു.

പല സോഷ്യൽ നെറ്റ്‌വർക്കുകളിലും അംഗത്വമുള്ള ഞാൻ ഇക്കാര്യം അതുവഴി പരിചയമുള്ള പലരോടും പറഞ്ഞിരുന്നു. ചില ആലോചനകൾ വരികയും പല കാരണങ്ങളാലും നടക്കാതെയിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയം. ആ സമയം ഒരു ക‌മ്യൂണിറ്റിയിൽ അവിവാഹിതരായ സ്ത്രീപുരുഷന്മാരുടെ പ്രൊഫൈലുകളിൽ ഒരു പെൺ‌കുട്ടിയുടെ പ്രൊഫൈൽ കിടക്കുന്നു. ഒറ്റ നോട്ടത്തിൽ ഒരു ഗ്രാമീണയുവതിയുടെ നിഷ്കളങ്കത തോന്നിക്കുന്ന പ്രൊഫൈൽ. അതിലെ ചില വാക്കുകൾ എന്നെ ആകർഷിച്ചു. (അതെന്തെന്ന് ഇവിടെ വ്യക്തമാക്കുന്നില്ല) ഈ യുവതിയുടെ ഒരു സുഹൃത്ത് വഴി ഈ ആലോചന ഞാൻ മുൻപോട്ടു വയ്ക്കുന്നു, യുവതി നേരേ എനിക്ക് ജി ടാക്കിൽ റിക്വസ്റ്റ് അയക്കുന്നു, സംസാരിക്കുന്നു.

വീട്ടിലെ ചില ദയനീയ ചുറ്റുപാടുകളെക്കുറിച്ചും, ഈ ജന്മം കല്യാണം നടക്കുമോ എന്നു തന്നെ അറിയില്ല എന്നും മറ്റുമുള്ള വെളിപ്പെടുത്തലുകൾ വല്ലാതെ വേദനിപ്പിച്ചു. എങ്കിലും രണ്ടു വർഷങ്ങൾക്കു ശേഷം മാത്രമേ വിവാഹം നടക്കുകയുള്ളൂ എന്നും പറഞ്ഞു. സെന്റിമന്റ്സ് കണ്ടാൽ മനസ്സിളകുന്ന സ്വഭാവമാണെനിക്കെന്നു തോന്നുന്നു, രണ്ടെങ്കിൽ രണ്ടു വർഷം കഴിഞ്ഞ് ഇവളെ തന്നെ കെട്ടിക്കളയാമെന്നു ഞാനും തീരുമാനിച്ചു. വീട്ടിൽ പറഞ്ഞു. അവർക്കെല്ലാം സന്തോഷം. ഒരു കോമൺ സുഹൃത്തിന്റെ റെക്കമെന്റേഷൻ കൂടിയുള്ളതു കൊണ്ട് ഞാൻ മറ്റൊന്നും അന്വേഷിക്കാൻ മിനക്കെട്ടില്ല.

എങ്കിലും, വിവാഹത്തിനു മുൻപേ (രണ്ടു വീട്ടിലും സമ്മതമില്ലാതെ, വിവാഹം എന്ന ലക്ഷ്യം മനസ്സിൽ വച്ചു കൊണ്ട്) ഇങ്ങനെ ചാറ്റ് ചെയ്യുകയും മറ്റും ചെയ്യുന്നതിലെ അനൌചിത്യം എന്നെ ആശയക്കുഴപ്പത്തിലാക്കി. ആ പെൺ‌കുട്ടിയുടെ വീട്ടിലെ വിലാസം തരണമെന്നും, വിവാഹം വീട്ടുകാർ തമ്മിൽ ഉറപ്പികേണ്ടത് അത്യാവശ്യമാണെന്നും ഞാൻ പറഞ്ഞു. പല കാരണങ്ങൾ പറഞ്ഞ് ഇത് ഉഴപ്പിയ പെൺ‌കുട്ടിയെ ഞാൻ കുറച്ച് ഇമോഷണലായി തന്നെ നിർബന്ധിക്കുകയുണ്ടായി. അപ്പോൾ ദാ കിടക്കുന്നു, വീട്ടിൽ പറയണമെങ്കിൽ എനിക്ക് ഈ വിവാഹത്തിനു താല്പര്യമില്ല എന്നായി കക്ഷി. എന്തൊക്കെയോ ദുരൂഹതകൾ ഈ പെൺകുട്ടിയെ ചുറ്റിപ്പറ്റി നിൽക്കുന്നതായി എനിക്കു തോന്നി. കാരണം ഇടക്കെപ്പൊഴോ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച ഒരാൾ ആത്മഹത്യക്കു ശ്രമിച്ചുവെന്നും, മറ്റൊരാൾ ആക്സിഡന്റിൽ പെട്ടു എന്നുമൊക്കെ സംസാരമദ്ധ്യേ ഇവൾ പറയുകയുണ്ടായി.

ഞാൻ ആകെ ടെൻഷനിലായി. കാരണം വല്ല മാറാ രോഗങ്ങളോ, തന്റേതല്ലാത്ത കാരണങ്ങളാലുള്ള എന്തെങ്കിലും ഭയമോ മൂലമാണ് ഈ കുട്ടി ഇങ്ങനെ ഒഴിയുന്നതെങ്കിൽ ഇതിൽ നിന്നും പിൻ‌മാറുന്നത് ഒരു പാപം ആണെന്ന ചിന്ത എന്നെ വല്ലാതെ മഥിച്ചു. ഒപ്പം ഞങ്ങളുടെ കോമൺ‌ സുഹൃത്തും (ഞാൻ നേരിൽ കണ്ടിട്ടില്ലാത്ത ഇദ്ദേഹമാണ് ആ ക‌മ്യൂണിറ്റിയിലേക്ക് എന്നെ ക്ഷണിക്കുന്നത്) ഈ പെൺ‌കുട്ടിയുടെ നട്ടുകാരനുമായ മഹാത്മാവിന്റെ വക ചില ഭീഷണികളും എനിക്കു കിട്ടാൻ തുടങ്ങി. പൊതുവേ ശാന്ത പ്രകൃതമുള്ള എന്റെ മറ്റൊരു മുഖം അദ്ദേഹം കണ്ടിട്ടില്ലാത്തതിന്റെ കുഴപ്പം എന്നല്ലാതെ എന്തു പറയാൻ. എന്റെ ടെൻഷൻ മനസ്സിലാക്കിയ ചിലരൊക്കെ എന്താണ് കാരണം എന്നന്വേഷിക്കാൻ തുടങ്ങി. അപ്പോഴുണ്ട് അവന്മാർക്കും ഭീഷണികളും, വർഷങ്ങളായി എന്നെ അറിയുന്ന അവരോട്‌ എന്നെക്കുറിച്ച് മോശമായ ആരോപണങ്ങളും. അതിനുള്ള ശരിയായ മറുപടികൾ അവർ തന്നെ കൊടുത്തു എന്നാണ് അറിയാൻ കഴിഞ്ഞത്.

ഒരു ക്രിയേറ്റീവ്‌ ഡിപ്പാർട്ട്മെന്റിൽ, അത്യന്തം ശ്രദ്ധ ആവശ്യമുള്ള ഒരു പോസ്റ്റിൽ ജോലി ചെയ്യുന്ന എനിക്ക്, ടെൻഷൻ കാരണം അതിലൊന്നും ശ്രദ്ധിക്കാൻ കഴിയാതെയായി. എന്താണ് സത്യാവസ്ഥ എന്നറിയണം എന്ന വാശി ഒരു വശത്ത്. ഒരാഴ്ച ലീവെടുത്തിരുന്ന് സ്വസ്ഥമായി ആലോചിച്ചു. ലഭ്യമായ ചില സ്രോതസ്സുകളിലൂടെ മൂന്നു വഴിക്ക് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞെട്ടിക്കുന്ന ആ വാർത്ത എനിക്കു കിട്ടി.

ഒരു സന്ധ്യസമയത്ത്, എന്റെ കമ്പനി കാമ്പസിലെ ഇലഞ്ഞിമരങ്ങളുടെ ഇടയിൽ നിൽക്കുമ്പോഴാണ് ഡീറ്റയിൽ അയച്ചിട്ട് അദ്ദേഹം എന്നെ വിളിക്കുന്നത്. കാര്യങ്ങൾ അദ്ദേഹം വിവരിച്ചു തുടങ്ങിയപ്പോൾ താഴെ വീഴാതിരിക്കാനായി ഞാൻ മരക്കൊമ്പിൽ കയറി പിടിച്ചത് ഓർക്കുന്നു. സംഭവം ഇങ്ങനെ...

ജയകൃഷ്ണനെപ്പോലെ ഒരാൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന സാംസ്കാരിക ചുറ്റുപാടല്ല അവരുടേത്. സ്വന്തം നാട്ടിൽ തുളസിക്കതിർ ചൂടി, ചന്ദനക്കുറിയും തൊട്ട് നിഷ്കളങ്കയായി നടക്കുന്ന പെൺ‌കുട്ടി. കേരളത്തിന്റെ അതിർത്തി കഴിഞ്ഞാൽ ടി ഷർട്ടും, ജീൻസുമണിഞ്ഞ് ആഷ്പുഷ് സംസ്കാരവുമായി ജീവിക്കുന്ന ഒരുവൾ. ഓർക്കുട്ട് വഴി പലരേയും കബളിപ്പിക്കുകയാണ്, ഈ കുട്ടി അടങ്ങുന്ന ഒരു സംഘത്തിന്റെ സ്ഥിരം പരിപാടി. എങ്ങനെയെന്നാൽ, ഇതു പോലെ പ്രൊപ്പോസലുകൾ നടത്തും, ശേഷം വീട്ടിൽ പറയാതെ അതു മുൻപോട്ടു കൊണ്ടു പോവുകയും, തുടർന്ന് ഇതൊരു പ്രണയത്തിൽ എത്തുകയും ചെയ്യും. ആ അവസ്ഥയിൽ സാമ്പത്തിക ലാഭമുൾപ്പെടെയുള്ള നേട്ടങ്ങൾക്കായി ഈ ബന്ധത്തെ ഉപയോഗിക്കും. അന്തസ്സുള്ള ഒരു ഉദ്യോഗസ്ഥ കൂടിയായ അഭ്യസ്ഥവിദ്യരാണ് സംഘാംഗങ്ങൾ എന്നത് അതിലേറെ അതിശയം. കേരളത്തിനു വെളിയിലുള്ള ചിലരുമായി അടുപ്പമുള്ളതായും അദ്ദേഹം പറഞ്ഞു. കൂടാതെ ഇവിടെ വെളിപ്പെടുത്താൻ നിർവ്വാഹമില്ലാത്ത ചില വസ്തുതകൾ കൂടി അറിയാൻ സാധിച്ചു. അതോടെ ഞാൻ ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.

ഇത് വെറുമൊരന്വേഷണം കൊണ്ട് കിട്ടിയതല്ല. അറിഞ്ഞേ തീരൂ എന്ന വാശിയിൽ നിന്നും ലഭിച്ച വിവരങ്ങളാണ്. പൂച്ച കണ്ണടച്ചു പാലുകുടിക്കുന്നതു പോലെയുള്ള പ്രകടനമാണ് നിരവധി ഹൈ റെസല്യൂഷൻഡ്‌ ഫോട്ടോകളും, വിശാലമായ കാഴ്ചപ്പാടുകളുടെ വർണ്ണനകളുമൊക്കെയായി ഓർക്കുട്ട് കല്യാണാലോചനകൾ വഴി കക്ഷി നടത്തിക്കൊണ്ടിരുന്നത്. പക്ഷേ സമൂഹത്തിന്റെയും, അറിയണം എന്ന് ആഗ്രഹിക്കുന്നവരുടെയും കണ്ണുകൾ തുറന്നു തന്നെ ഇരിക്കുമല്ലോ.

ഇത്രയും ഇവിടെ പറഞ്ഞത്, പ്രിയ സുഹൃത്തുക്കൾ അപകടത്തിൽ പെടരുത് എന്ന ഒറ്റ ഉദ്ദേശ്യത്താലാണ്. കഴിവതും ഓൺ‌ലൈൻ പ്രൊപ്പോസലുകൾ പാടേ അവഗണിക്കുക, അല്ലാത്ത പക്ഷം എല്ലാ വഴികളും സ്വീകരിച്ച് അന്വേഷിക്കുക. ചതിക്കുഴികൾ ധാരാളം ഒളിഞ്ഞിരിക്കുന്ന ഇടമാണ് ഇവിടം. യാതൊരു കാരണവശാലും പെൺ‌കുട്ടികളും, ആൺ‌കുട്ടികളും ഇത്തരം സന്ദർഭങ്ങളിൽ ഫോട്ടോ, ഫോൺ‌നമ്പർ തുടങ്ങിയവ കൈമാറിക്കൊണ്ട് സ്വന്തം കുഴി തോണ്ടരുതെന്ന് മുന്നറിയിപ്പു തരുന്നു. എന്റെയറിവിൽ തന്നെ എന്റെ മറ്റൊരു സുഹൃത്തടക്കം രണ്ടിലേറെപ്പേർ ഇവരുടെ ചതിക്കുഴിയിൽ വീഴാൻ ഒരുങ്ങി കഷ്ടിച്ചു രക്ഷപ്പെട്ടിട്ടുണ്ട്. പലരും ആത്മഹത്യയുടെ വക്കോളം എത്തിയിട്ടുമുണ്ട്. ഞങ്ങൾ രണ്ടു പേരും കേട്ട പാടേ പ്രേമിക്കാനും മരം ചുറ്റുന്നതിനും മുൻപേ വീട്ടിലെ വിലാസം നിർബന്ധപൂർവ്വം ചോദിച്ചതു കൊണ്ട് വലിയ ഒരു ആപത്തിൽ നിന്നും കരകയറാനായി. കേവലം തമാശക്കോ, വ്യക്തിഗതലാഭങ്ങൾക്കോ മാത്രമായി മനുഷ്യരെ ചൂഷണം ചെയ്യുന്നതിന് യാതൊരു മടിയുമില്ലാത്ത പൈശാചികബുദ്ധികളെ എപ്പോഴും കരുതിയിരിക്കണം എന്ന് ആവർത്തിച്ച് മുന്നറിയിപ്പു തരുന്നു.

7 ഗര്‍ജ്ജനങ്ങള്‍:

അരുണ്‍ said...

വായിച്ചു. ഓര്‍ത്തുവെയ്ക്കാം

കൂതറHashimܓ said...

:)

Anonymous said...

Vayichu , munnariyippinu nanni suhrethey ........

ശ്രീ said...

നല്ലൊരു മുന്നറിയിപ്പ് തന്നെ. എല്ലാവരും വായിച്ചിരിയ്ക്കേണ്ട ഒരു പോസ്റ്റ്!

Typist | എഴുത്തുകാരി said...

കുരുക്കിലൊന്നും പെടാതെ രക്ഷപ്പെടാൻ കഴിഞ്ഞല്ലോ, ഭാഗ്യം.

ഞാന്‍:ഗന്ധര്‍വന്‍ said...

എല്ലാരും വായിച്ചിരിക്കേണ്ട പോസ്റ്റ്‌. ഇത്രയും മോശമായ പറ്റിപ്പുകള്‍ ഉണ്ടെന്നു അനുഭവം വരുമ്പോഴേ അറിയൂ. കഷ്ടം തന്നെ.

ആശംസകള്‍!!

ജസ്റ്റിന്‍ said...

ഒരിക്കലും ഓണ്‍ലൈന്‍ സൌഹൃദങ്ങളെ ആവശ്യത്തില്‍ കൂടുതല്‍ വിശ്വസിക്കാതിരിക്കുന്നതാകും ബുദ്ധി. പ്ര്യത്യേകിച്ചും ഓപ്പൊസിറ്റ് സെക്സ് സൌഹൃദങ്ങള്‍. ആവശ്യമില്ലാതെ ചറ്റ് ചെയ്യാന്‍ വരുന്നവരെയും (ആണുങ്ങളെ അടക്കം) സൂക്ഷിക്കണം. ഇനി സ്വന്തം ഉദ്ദേശവും അത് ത്അന്നെയാണെങ്കില്‍ കാര്യം മാത്രം നോക്കുക. അല്ലെങ്കില്‍ ??!!